Sunday, September 13, 2009

മലയാളി എന്ന ഏകാന്ത സമൂഹം


ചില വ്യക്തികള്‍ , വിചാരങ്ങള്‍..

ഇതൊരു ലേഖനമായി കാണരുത്. ഈ പോസ്റ്റിന്റെ ആദ്യ ഭാഗം തുടങ്ങിയത് ഓർക്കുട്ടിലെ Click here കാമം സൂത്രം എന്ന Ammu അസംഘടിത യുടെ കമൂണിറ്റിയിലാണ്. താങ്കളുടെതുൾപ്പെടെ എല്ലാ സുഹൃത്തുക്കളുടെയും അഭിപ്രായങ്ങളും കൂട്ടിചേർകലുകളും ഞാൻ പ്രതീക്ഷിക്കുന്നു.(അമ്മുവിനോട് അനുവാദം വാങ്ങാതെയാണ് ഞാൻ ഈ പോസ്റ്റിവിടെ തുടങ്ങിയത്. എങ്കിലും അദ്ദേഹത്തിനതിൽ എതിർപ്പുണ്ടാവില്ല എന്നു വിശ്വസില്ലുന്നു.
ലോകത്തുള്ള മറ്റു സമൂഹങ്ങളുമായി മലയാളി ഏറെ വ്യത്യസ്ഥന്‍ ആവുന്നത് അവന്റെ ആന്തരികമായ ഏകാന്തതയിലാണെന്നു തോന്നുന്നു. അവനവനിലേയ്ക്ക് നോക്കിയാല്‍ ഇത്ര അപരിചിതമായ ഇടം വേറെയില്ലെന്നു തോന്നും. കാരണം, പുറമേയുള്ള ഒരാള്‍, മറ്റൊരാളാണ്. തുറക്കാന്‍ മടിയ്ക്കുന്നതോ മറയ്ക്കുന്നതോ മറഞ്ഞു പോകുന്നതൊ അവസരമില്ലാതാകുന്നതൊ ആയ, അവനവനിലേയ്ക്ക് .. അശോകന്‍ ചെരുവിലിന്റെ ഒരു കഥയില്‍ കണ്ടു, മധ്യ വയസ്സു കഴിഞ്ഞ ഒരാള്‍, മക്കളും മക്കള്‍ക്കു മക്കളുമോ ആയിക്കാണും, ഒരു വൈകുന്നേരം വിളക്ക് വച്ചു തിരിയുന്ന തന്റെ ഭാര്യയുടെ പുറം കഴുത്ത് ആദ്യായ്ട്ട് ശ്രദ്ധിക്കുന്നത്.. ഗൂഡമായ സന്തോഷത്തിന്റെ ഒരു നിമിഷം.. അത്ഭുതം തോന്നണില്ല്യെ? ലൈംഗികതയെയൊ എന്തിനു, പ്രണയത്തെ പോലുമൊ എന്തെങ്കിലും വെളിച്ചത്തില്‍ ആലോചിച്ചാല്‍ പോലും ഇളകി മറിയുന്ന സദാചാര കാപട്യമുണ്ട് ഏതൊരു ശരാശരി മലയാളിയ്ക്കും.. എന്നിട്ടും, പീഡനവും വാണിഭവും മുന്‍പന്തിയിലും! മനസ്സു തുറന്നു അവനവനെ കണ്ടെത്തുകയും ആ കുസൃതിയെ മെരുക്കിയെടുക്കുകയുമാണ് വേണ്ടത്..



സാസ്കാരികമായും കലാപരമായും ഇനി തിരിച്ചറിവിന്റെതായ ഏതൊക്കെ മേഖലകളുണ്ടോ അവിടെയെല്ല്ലാം ഒന്നാമതാണ് എന്നവകാശപ്പെടുന്ന മലയാളി അവന്റെയുള്ളിന്റെയുള്ളിൽ ഏറ്റവും പിന്തിരിപ്പനായിരിക്കും. (ഈ കുത്തിയിരുന്ന് എഴുതുന്ന ഈയുള്ളവനുൾപെടെ.)

തന്നോടു തന്നെ കള്ളം പറയുവാൻ പഠിക്കുന്ന ഒരു തലച്ചോറിനുടമകളാണു മനുഷ്യർ എന്നാണ് സൈക്കോ അനലിസ്റ്റുകൾ പറയുന്നത്. എനിക്കു തോന്നുന്നത് നമ്മൾ മലയാളികളുടെ തലച്ചോർ ഈ കാര്യത്തിലും ഒന്നാമതാണെന്ന്. അതുകൊണ്ടായിരിക്കും യുക്തിക്കു നിരക്കുവാൻ വയ്യാത്തതായ പല കാര്യങ്ങളും സദാചാര പലകരായ മലയാളികളുടെ നാട്ടിൽ അരങ്ങേറുന്നത്.

ഓരോ മലയാളിയും അവന്റേതു മാത്രമായ ഒരു മതിൽകെട്ടിനുള്ളിലാണ് ജീവിക്കുന്നത്. അതിനുള്ളിലേക്കു അവനെ അല്ലെങ്കിൽ അവളുടെ സുഹൃത്തുക്കൾക്കോ പങ്കാളിക്കോ ഒന്നും എത്തിച്ചേരാനാവില്ല. മലയാളിക്കു വികാരങ്ങൾ എന്നാൽ ഗോപിയാശാന്റെയോ മറ്റോ മുഖത്തു വിരിയുന്ന നവരസങ്ങൾ മാത്രമാണ്. നിത്യ ജീവിതത്തിൽ സന്തോഷം സങ്കടം കാമം ക്രോധം അസൂയ തുടങ്ങിയ യാതൊരു വികാരങ്ങളുമില്ലത്രെ. അമ്പട ഞാനേ..!! ഇതുപോലെയുള്ള വികാരങ്ങൾക്കടിമപ്പെട്ടു കളയാനുള്ളതാണോ എന്റെ ജീവിതം. എന്നാണത്ര മലയാളിയുടെ അഹംബോധം. ഈ അഹങ്കരിക്കുന്ന മലയാളി അറിയുന്നില്ല ഇമോഷൻസ് മാത്രമാണ് ജീവിതമെന്നു. ജീവിതത്തിന്റെ ഓരോ നിമിഷവും വികാരത്തിനടിമയാണു മനുഷ്യൻ.

ഇതൊന്നും അറിയാത്തവനും മനസിലാക്കാത്തവനുമല്ല മനുഷ്യൻ. വികാരങ്ങളിൽ ഏറ്റവും അപകടവും മനുഷ്യനെ അന്ധനുമാക്കുന്ന അഹംഭാവത്തിനടിമയാണ് നമ്മൾ. കൂട്ടിനു സ്വാർഥതയും. സ്വാർഥതക്കു പല മാനങ്ങളുണ്ട്. തന്നെ കുറിച്ചു മാത്രം ചിന്തിക്കുന്നതും. തനിക്കും തന്റെ കുടുംബത്തിനും വേണ്ടി മാത്രം ജീവിക്കുന്നതും, നേരിട്ടിടപെടുന്ന ആളുകളുടെ നന്മയെ കുറിച്ചു മാത്രം ചിന്തിക്കുന്നതും സ്വാർഥത തന്നെയാണല്ലോ?

സ്ഥാപിക്കുവാർ അല്പം ബുദ്ദിമുട്ടുണ്ടെങ്കിലും പറയട്ടെ. കുടുംബം എന്ന ചട്ടകൂട് മലയാളിയെ സ്വാർഥനാകുവാൻ ഒരുപാട് സഹായിക്കുന്നുണ്ട്. സ്വന്തം കുടുംബത്തിനു വേണ്ടി രാപകൽ അധ്വാനിക്കുവാൻ മടിയില്ലാത്ത മലയാളിക്കു തെരുവിന്റെ മക്കളുടെയും അന്യന്റെയും വേദനകൾ മനസിലാവില്ല.!

തന്റെ വികാരങ്ങളെ പോലും സംശയത്തോടെ കാണുന്ന മലയാളിക്കൊരിക്കലു, സംശയത്തിന്റെ കണ്ണിലൂടെയല്ലാതെ ആരേയും നോക്കുവാനാവില്ല.