Sunday, November 21, 2010

മലയാളി എന്ന ഏകാന്ത സമൂഹം..2

ഒരു രീതിയിലല്ലെങ്കില്‍ മറ്റൊരു രീതിയില്‍ എല്ലാവരേയും ബാധിക്കാറുള്ള രോഗമാണ് സംശയം എന്ന് അംഗീകരിക്കുവാനുള്ള മനസല്ലേ നമുക്കാദ്യം വേണ്ടത്? ഞാന്‍ പങ്കുവെക്കുവെക്കുന്ന ആശയങ്ങള്‍ നിങ്ങള്‍ ഞാനുദ്ദേശിക്കുന്ന രീതിയില്‍ തന്നെ മനസിലാക്കുമോ എന്നു ചിന്തിക്കുന്നതും സംശയമല്ലേ? എന്നേ കുറിച്ചു അവന്‍ നല്ലതു പറഞ്ഞു എന്നു കേട്ടാല്‍ ഞാനൊന്നു സംശയിക്കും. അവന്‍ എന്നേകുറിച്ചു അങ്ങനെ പറയുമോ? അവന്‍ എന്നേ കുറിച്ചു ചീത്ത പറഞ്ഞു എന്നു പറഞ്ഞാല്‍ കണ്ണുമടച്ചു വിശ്വസിക്കും. അതു മനുഷ്യ സ്വഭാവമാണല്ലോ.


ഈ സംശയമാണ് ലോകത്തില്‍ ഇന്നേ വരെയുണ്ടായിരിക്കുന്നതില്‍ സാമാന്യം ഭേദപ്പെട്ടതും ലോകത്തെ എല്ലാ ആളുകളുടേയും അംഗീക്കാരം നേടിയതുമായ ഭാരതത്തിലെ കുടുംബ ബന്ധത്തിന്റെ അടിത്തറ ഇളക്കുന്നത്. അതിനു പ്രണയവിവാഹമെന്നോ അല്ലാത്തതെന്നോ വേര്‍തിരിവില്ല. പ്രണയവിവാഹത്തില്‍ അല്പം നേരത്തേ തന്നെ അസ്വാരസ്യങ്ങള്‍ കടന്നു കൂടാം. അതു കാണുന്ന സമൂഹം പ്രണയ വിവാഹങ്ങള്‍ പരാജയമാണെന്നു മുന്‍ വിധിയെഴുതും. വര്‍ഷങ്ങളോളം നിനക്കു വേണമെങ്കില്‍ പ്രണയിക്കാം. ഭൂമിയിലെ ഒരു നിയമത്തിനും പിടികൊടുക്കുന്നതല്ലല്ലോ പ്രണയിക്കുന്നവരുടെ മനസ്സ്.

പങ്കാളിയുടെ കുറ്റങ്ങളും കുറവുകളും പോലും അവരുടെ ശരിയായി തോന്നുന്ന നിമിഷങ്ങള്‍. പ്രണയിക്കുന്ന സമയത്ത് ന്‍അവന്‍ എന്താനു ശരിക്കും ചെയ്യുന്നത്. അവളേ കുറിച്ചു പൂര്‍ണ്ണമായും അറിയുവാന്‍ ശ്രമിക്കും. അവളുടെ ഇഷ്ടങ്ങള്‍ എന്തൊക്കെയാണെന്നു ചോദിച്ചറിയും. അതിനനുസരിച്ചു അവളെ കെയര്‍ ചെയ്യുകയും ചെയ്യും. .ഇതിനിടക്കു അവന്‍ അവ്ന്റെ ആഗ്രഹങ്ങള്‍ എല്ലം ഒളിച്ചു വെക്കും.അവന്‍ വികാരങ്ങള്‍ക്കടിമയല്ലല്ലോ..! ഒരിക്കല്‍ ഒരുമിച്ചൊരു ജീവിതം തുടങ്ങുവാനുള്ളവരാണെന്നു അവന്‍ മനസില്‍ ഉറപ്പിച്ചിട്ടുണ്ടാവാം. എങ്കിലും മനസ്സു തുറന്നവനൊരിക്കലും സംസാരിക്കില്ല. പ്രണയകാലത്തിന്റെ ദൈര്‍ഘ്യം കൂടുന്നതിനനുസരിച്ചു പതിയെ അവന്‍ അവന്റെ ഇഷ്ടങ്ങള്‍ അടിച്ചേല്പിക്കും.പക്ഷേ അതു അവന്‍ ബോധപൂര്‍വം ചെയ്യുന്നതല്ല. ഇത്രയും കാലം അവന്‍ പങ്കാളിയുടെ ഇഷ്ടങ്ങള്‍ക്കായി മാറ്റിവെച്ച അവന്റെ ഇഷ്ടങ്ങള്‍ കാലക്രമേണ പുറത്തു വരുന്നതാണ്.അതു കൊണ്ട് തന്നെ അവന്റെ സ്വഭാവത്തില്‍ വന്ന മാറ്റങ്ങള്‍ പങ്കാളിയേ സംശയത്തിലേക്കു തള്ളിവിടും. തന്റെ പ്രണയം ഒരു പരാജയമാണോ എന്ന ചോദ്യം അവളുടെ മനസിലുയരും. പ്രണയം സത്യമായിരുന്നു എന്നു തെളിയിക്കേണ്ടത് അവന്റെ കടമയായി മാറുന്നു. അങ്ങനെ ആ പ്രണയം വിവാഹത്തില്‍ കലാശിക്കുന്നു. എങ്കിലും അവന്‍ വീണ്ടും വികാരങ്ങളും ആഗ്രഹങ്ങളും ഒളിപ്പിക്കേണ്ടി വരും. ഇത്രയും കാലം ഇല്ലായിരുന്ന ആഗ്രഹങ്ങല്‍ ഇപ്പോള്‍ എവിടെ നിന്നും വന്നു എന്ന സംശയം അവളിലുണ്ടാവും.

വര്‍ഷങ്ങളോളം പ്രണയിക്കാനാവാത്ത നിര്‍ഭാഗ്യവാന്മാര്‍ ഈ അവസ്ഥ അഭിമുഖീകരിക്കേണ്ടി വരുന്നത് വിവാഹ ശേഷമായിരിക്കും. ആ അവസ്ഥ ഇതിനേക്കാള്‍ ഭീകരമായിരിക്കും. കാരണം എന്തു കൊണ്ടാണ് ഞാന്‍ എന്റെ ഇഷ്ടങ്ങള്‍ അവളില്‍ അടിച്ചേല്പിക്കുന്നത് എന്നു ചിന്തിക്കുവാനുള്ള വിവേചനബുദ്ധി പോലും ആ സമയത്ത് അവനുണ്ടാവില്ല. അതോടുകൂടി അവള്‍ ഒരു സ്വപ്നലോകത്തു നിന്നു മരുഭൂമിയില്‍ എത്തിപെട്ടതു പോലെയാകും. നിനക്കു എന്തു വേണം എന്നു ചോദിക്കുവാനുള്ള മനസ്സു പോലും ആ സമയത്ത് അവനു നഷ്ട്പെട്ടു കഴിഞ്ഞിരിക്കും.

ഒന്നാലോചിച്ചു നോകൂ. ഈ പ്രണയത്തിന്റെ പരാജയത്തിനു കാരണം ആരാണ്. ഒറ്റ നോട്ടത്തില്‍ അവളുടെ ഇഷ്ടങ്ങള്‍ക്ക് വില കല്പിക്കാത്ത തനി ഹിപ്പോക്രാറ്റായ അവന്‍. അല്ലേ. പക്ഷേ ഒന്നോര്‍ക്കുക അവന്‍ മുന്‍പ് അങ്ങനെയല്ലായിരുന്നു. അവന്‍ പങ്കാളിയുടെ ഇഷ്ടങ്ങള്‍ ചോദിച്ചറിയുവാനും അവളുടെ ഇഷ്ടത്തിനനുസരിച്ചു ജീവിച്ചവനുമായിരുന്നു. അവന്‍ ചെയ്ത തെറ്റ് അവന്റെ ആഗ്രഹങ്ങല്‍ അല്ലെങ്കില്‍ ഇഷ്ടങ്ങല്‍ പങ്കാളിയേ അറിയിക്കുന്നതില്‍ പരാജയപെട്ടു. അതു പറയേണ്ട സമയം അവന്‍ ശരാശരി മലയാളിയേ പോലെ വികാരങ്ങള്‍ക്കതീതമാണു ഞാന്‍. നിന്റെ ആഗ്രഹങ്ങല്‍ പറയൂ.. ഞാനതു നടത്തി തരാം എന്ന രീതിയില്‍ മസിലു പിടിച്ചു നിന്നു.സത്യത്തില്‍ തെറ്റാരുടേതാണ്. സമൂഹത്തിനു മുന്‍പില്‍, തന്റെ കാമുകിയുടെ മുന്‍പില്‍, ഭാര്യയുടെ മുന്‍പില്‍ എവിടെയാണെങ്കിലും നമ്മള്‍ വികാരങ്ങള്‍ക്കടിമയല്ലെന്നു ഭാവിക്കുന്ന മലയാളി പുരുഷ സമൂഹത്തിന്റെ കാപട്യം.